2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

എക്സിറ്റ് & റീ എന്‍ട്രി


"എന്റെ ഭാര്യ ഇന്നലെ മരിച്ചു.എനിക്ക് നാട്ടില്‍ പോവണം, ടിക്കറ്റ്‌ എടുക്കാന്‍ 850 റിയാല്‍ വേണം , 500 റിയാല്‍ റിയാല്‍ എന്റെ കയ്യിലുണ്ട്. ബാക്കി സംഖ്യ തന്നു നിങ്ങള്‍ എന്നെയൊന്നു സഹായിക്കാമോ?"
ഈ ചോദ്യത്തെക്കാള്‍ എന്നെ അമ്പരപ്പിച്ചത് ഇത് ചോദിച്ച യുവാവിന്റെ മുഖത്തുകണ്ട നിര്‍വികാരതയാണ് .

            പലതരം തട്ടിപ്പുകള്‍ വായിച്ചും കേട്ടും അറിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഒരു സാധാരണ മലയാളി ചിന്തിക്കുന്നത് തന്നെയാണ് ഞാനും ചിന്തിച്ചത്, "ഇതും ഒരു തട്ടിപ്പ്".
കുറച്ചു പൈസ ഉണ്ടാക്കാന്‍ പല ആളുകളും എന്തുതരം വേഷം കെട്ടാനും എന്ത് കളവു പറയാനും തയ്യാറാവുന്ന കാലമാണല്ലോ ഇത്. എങ്കിലും ഞാന്‍ ചോദിച്ചു , "നാട്ടില്‍ എവിടെയാ?" അതിനുള്ള ഉത്തരം കൂടുതല്‍ ചോദിച്ചറിയാന്‍ എനിക്ക് പ്രചോദനമായി. അയാള്‍ എന്റെ അയല്‍നാട്ടുകാരനാണ്. അയാള്‍ മുമ്പ് അവധിക്കുപോയി മടങ്ങിവന്നു ഏതാനും മാസങ്ങള്‍ക്കകം അയാളുടെ ഭാര്യ പ്രസവിച്ചു, പക്ഷെ കുഞ്ഞ് മരിച്ചുപോയിരുന്നു. പ്രസവ സമയത്തുണ്ടായ എന്തോ അണുബാധ കാരണം അന്നുമുതല്‍ മരിക്കുന്നത് വരെ അയാളുടെ ഭാര്യ ചികിത്സയിലായിരുന്നത്രേ..
ഇതൊക്കെ പറയുമ്പോഴും അയാളുടെ മുഖത്ത് എന്തെങ്കിലും ഭാവവ്യത്യാസമോ ശബ്ദത്തില്‍ ഇടര്‍ച്ചയോ ഒന്നും ഉണ്ടാവാത്തത് എന്നെ അതിശയിപ്പിച്ചു. ഇത്രയൊക്കെ അനുഭവിച്ച അയാളുടെ വികാരങ്ങള്‍ക്ക് എന്തോ ഒരു മരവിപ്പ് ബാധിച്ചതാവുമോ?

     സ്ഥിരമായി ഒരു ജോലി ഇല്ലാത്ത ഒരു സാധാരണ തൊഴിലാളിയാണ് അയാള്‍. ശറഫിയ്യ(ജിദ്ദ, സൗദി അറേബ്യ) യില്‍ താമസം, അവിടെ നിന്നും പലരുടെ കൂടെയായി ദിവസക്കൂലിക്ക് പല പണികളും ചെയ്യും (നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പില്‍ ഇയാളും ഒരു ഗള്‍ഫ്കാരന്‍ തന്നെ).
ഭാര്യയുടെ ചികിത്സ നടന്നുകൊണ്ടിരിക്കെ തന്നെ കുറച്ച പണം സ്വരുക്കൂട്ടി, ടിക്കറ്റ്‌ എടുക്കാനുള്ള കാശ് മിച്ചം വന്നപ്പോള്‍ അയാള്‍ നാട്ടില്‍ പോവാന്‍ തീരുമാനിച്ചു.  Exit&Re-entry എന്ന കടമ്പ കടക്കാന്‍ അയാള്‍ തന്റെ സ്പോണ്‍സറെ സമീപിച്ചപ്പോള്‍ കയ്യില്‍ ഉണ്ടായിരുന്ന 1500 ഓളം  റിയാല്‍ സ്പോണ്‍സര്‍ വാങ്ങി. അങ്ങനെ യാത്ര തല്ക്കാലം മാറ്റിവെച്ചു. അത് കഴിഞ്ഞു ഒരാഴ്ചക്കുള്ളിലാണ് ഭാര്യയുടെ മരണം. ഭാര്യയുടെ മൃതശരീരം ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്, അയാള്‍ നാട്ടില്‍ എത്തിയിട്ടേ സംസ്ക്കരിക്കൂ എന്നും അയാള്‍ പറഞ്ഞു.

ആദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും , ഞങ്ങളുടെ  കൂട്ടത്തില്‍ ഉണ്ടായിരുന്ന മുസ്തഫക്കയുടെ പ്രചോദനം ഉള്‍ക്കൊണ്ടു ഞങ്ങള്‍ അയാള്‍ക്ക് വേണ്ട പണം നല്‍കി. മുസ്തഫക്ക തന്നെ അയാളുടെ നാട്ടിലെ വിലാസവും ഫോണ്‍ നമ്പറും എഴുതിവാങ്ങി അയാളെ പറഞ്ഞു വിട്ടു.

അല്‍പസമയം കഴിഞ്ഞു , ആ യുവാവിന്റെ നാട്ടുകാരനായ ഞങ്ങളുടെ മറ്റൊരു സുഹൃത്ത്‌ അവിടെ വരികയും അദ്ദേഹം  നാട്ടുകാരുമായി ബന്ധപ്പെടുകയും കൂടുതല്‍ വിവരങ്ങള്‍ അറിയുകയും ചെയ്തു.
ആ  യുവാവിന്റെ  ഭാര്യയുടെ മൃതശരീരം മറവു ചെയ്യപ്പെട്ടിട്ടുണ്ട്, അയാളെ വിവരം അറിയിച്ചിട്ടില്ല.

തൊട്ടടുത്ത ദിവസം വീട്ടില്‍ ചെല്ലുന്ന അയാള്‍ക്ക്‌ വീട്ടുകാരോട് എന്താണ് ചോദിക്കാനുണ്ടാവുക? 
അയാളുടെ ചോദ്യങ്ങള്‍ക്ക് വീട്ടുകാര്‍ എന്ത് മറുപടിയാണ്‌ നല്‍കുക? 

12 അഭിപ്രായങ്ങൾ:

  1. സങ്കടങ്ങളുടെ ശരീരങ്ങള്‍
    അല്ലാതെന്തു പറയാന്‍...


    എഴുത്ത് തുടരുക. എല്ലാ ഭാവുകങ്ങളും!

    മറുപടിഇല്ലാതാക്കൂ
  2. താല്പ്പര്യത്തോടെ വായിച്ചു.
    വീണ്ടും എഴുതുക.
    ഭാവുകങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  3. ഗൾഫുകാരൻ യുവാവിന്റെ കദന കഥ നന്നായിപ്പറഞ്ഞു
    പാവം യുവാവ്, സഹായം പ്രയോജനപ്പെട്ടില്ലല്ലോ എന്നോർക്കുമ്പോൾ
    ദുഃഖം തോന്നുന്നു. എന്റെ ബ്ലോഗിൽ വന്നതിലും ചേർന്നതിലും സന്തോഷം
    ഇവിടെ ഇനി പലതും ചെയ്യാനുണ്ട് ഒരു ഫോളോ ബട്ടണ്‍ അത്യാവശ്യം
    ചേർക്കുക. ആശംസകൾ
    പിന്നെ ഇവിടുള്ള word verification എടുത്തു മാറ്റുക അതു കമന്റു ചെയ്യുന്നവർക്ക്
    ബുദ്ധിമുട്ടുണ്ടാക്കും. ഡാഷ്ബോർഡിൽ സെറ്റിങ്ങ്സിൽ പോയി അത് മാറ്റാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിനും നിര്‍ദ്ദേശത്തിനും നന്ദി.
      മാറ്റങ്ങള്‍ കഴിയും വേഗം വരുത്താം..

      ഇല്ലാതാക്കൂ
  4. :( ഇതില്‍ കൂടുതല്‍ എന്ത് പറയും ഇവിടെ. പ്രാര്‍ത്ഥനകള്‍ ആ ഹതഭാഗ്യനു വേണ്ടി.

    pls remove word varification option.

    മറുപടിഇല്ലാതാക്കൂ
  5. പലരുടേയും വേദനകള്‍ കാണുമ്പോള്‍ നമ്മുടെ വേദനകള്‍ ഒന്നുമല്ലെന്നു തോന്നിപ്പോവുന്നു ......

    മറുപടിഇല്ലാതാക്കൂ
  6. വീണ്ടും എഴുതുക...കാത്തിരിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസവും പ്രവാസകഥകള്‍ക്കും എന്നും പറയാനുള്ളത് ഇത്തരം വേദനകളാണ് , നൊമ്പരമായി ഈ കുറിപ്പ് .

    ---------------------------------------------
    ആദ്യ ഫോളോവര്‍ ആവാനുള്ള അവസരം ഞാന്‍ ഒഴിവാക്കുന്നില്ല , ജോയിന്‍ ചെയ്തു പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  8. പ്രവാസി നൊമ്പരങ്ങളുടെ ഒരു തുടർക്കാഴ്ച്ച

    മറുപടിഇല്ലാതാക്കൂ
  9. പ്രവാസം നീണ്ട ഒരു വിഷയമാണ്‌. കരയാനും,ചിരിക്കാനും.......ഓരോ പ്രവാസിയും സ്വന്തം ദുഃഖം മറ്റുള്ളവരുടെ മുമ്പിൽ മറച്ചു വെക്കുന്നു.

    മറുപടിഇല്ലാതാക്കൂ